05-10-2023

ഹൃദയരോഗങ്ങളെ തടയാം - ഡോ. ജോജി ബോബൻ (കൺസൾറ്റന്റ്, ഇന്റർവൻഷനൽ കാർഡിയോളജിസ്റ്റ്)

j

ആധുനിക കാലത്ത് പൊതുജനം ഏറെ ഭയപ്പെടുന്ന രോഗങ്ങളിൽ ഒന്നായി ഹൃദ്‌രോഗം മാറിയിരിക്കുന്നു. മരണനിരക്കിലുള്ള കൂടുതലാണ് ഇതിന് അടിസ്ഥാന കാരണം. ഹൃദ്‌രോഗകാരണമായ മരണങ്ങളിൽ മൂന്നിൽ ഒരു ഭാഗവും സംഭവിക്കുന്നത് ആദ്യമണിക്കൂറിലാണ്. നമ്മുടെ നാട്ടിൽ പ്രായമായവരിലും ചെറുപ്പക്കാരിലും ഹൃദ്‌രോഗം വളരെക്കൂടുതലാണ്്. ഇപ്പോൾ നടക്കുന്ന  ഹൃദയാഘാതങ്ങളിൽ അൻപത് ശതമാനവും അൻപത് വയസ്സിൽ താഴെയുള്ളവരിലും ഇരുപത്തിയഞ്ച് ശതമാനം നാല്പത് വയസ്സിൽ താഴെയുള്ളവരിലുമെന്നാണ് കണക്ക്. 


ജീവിത ശൈലിയിലുണ്ടായ വ്യതിയാനങ്ങൾ ഈ രോഗാവസ്ഥ പെരുകാൻ കാരണമായിട്ടുണ്ട്. രാജ്യത്ത് പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരിൽ ഹൃദ്‌രോഗികളുടെ എണ്ണം വല്ലാതെ പെരുകുന്നുണ്ട്. ജനിതക കാരണങ്ങളും രക്തക്കുഴലിന്റെ ഘടനയിലുള്ള പ്രശ്‌നവും എല്ലാം രോഗികൾ വർദ്ധിക്കാൻ കാരണം തന്നെയാണ്. 


പണ്ട് ചെറുപ്പക്കാരായ സ്ത്രീകളിൽ താരതമ്യേന ഹൃദ്‌രോഗം കുറവായിരുന്നു കണ്ടിരുന്നതെങ്കിൽ ഇപ്പോൾ കാലം മാറി കഥയും മാറി. ജീവിതശൈലീ വ്യത്യാസവും തൊഴിൽ നൽകുന്ന സമ്മർദ്ദങ്ങളും ജീവിത ശൈലിയിലെ വ്യത്യാസങ്ങളും ചെറുപ്പക്കാരികളെയും ഹൃദ്‌രോഗിയാക്കി മാറ്റുന്നുണ്ട്. ചെറുപ്പക്കാരികളിൽ മരണ നിരക്കും വളരെ കൂടുതലാണെന്നതാണ് വസ്തുത.

ഹൃദ്‌രോഗത്തെ എങ്ങനെ തിരിച്ചറിയാം


നെഞ്ചിന്റെ നടുഭാഗത്ത് ഉണ്ടാകുന്ന അതികഠിനമായ വേദന ആദ്യലക്ഷണമാണ്. ഈ വേദന  പിന്നീട് ഇടത്തേ കൈയ്യിലേക്കും തൊണ്ട, താടിയെല്ല് എന്നിവടങ്ങളിലേക്കും പടരും. നന്നായി വിയർക്കും . ചിലർക്ക് അകവും പുറവും അടച്ച് വേദന തോന്നും. ചിലർക്ക് നെഞ്ചിൽ ഭാരം കയറ്റിവെച്ചതായി തോന്നും, ശ്വാസം മുട്ടൽ അനുഭവപ്പെടും. വേദന വർദ്ധിക്കുന്നതിന് അനുസരിച്ച് മലവിസർജനശങ്ക ഉണ്ടാവാം.   ഇരിക്കാനും നിൽക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ ഉണ്ടാവാം. പത്ത് മിനിറ്റിൽ അധികം വേദന മാറാതെ നിൽക്കുകയും മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായിരിക്കുകയും ചെയ്താൽ ഉടനെ ആശുപത്രിയിലെത്തിക്കുന്നതാണ് നല്ലത്. എന്നാൽ പ്രമേഹ രോഗികൾ ഏറെ ശ്രദ്ധിക്കണം. അത്തരം രോഗികളിൽ വേദന ഉണ്ടാവണം എന്ന് നിർബന്ധമില്ല. നെഞ്ചിൽ ഭാരം കയറ്റിവെച്ചപോലെ തോന്നൽ ശ്വാസ തടസ്സം മുതലായവ അനുഭവപ്പെട്ടാൽ വേഗം ആശുപത്രയിലെത്തിക്കണം. ചിലർക്ക് നന്നായി വിയർക്കുകയും അമിതമായ ക്ഷീണം തോന്നുകയും ഛർദ്ദിക്കാൻ വരുകയും ചെയ്യും. 


ഹൃദ്‌രോഗ കാരണങ്ങൾ


ഹൃദ്‌രോഗത്തിന്റെ കാരണങ്ങളെ  സമഗ്രമായി അപഗ്രഥിക്കുമ്പോൾ മാറ്റം വരുത്താൻ കഴിയാത്ത കാരണങ്ങൾ എന്നും മാറ്റം വരുത്താൻ കഴിയുന്ന കാരണങ്ങൾ എന്നും രണ്ടായി തരംതിരിക്കാം. 

1 മാറ്റംവരുത്താൻ കഴിയാത്ത കാരണങ്ങൾ


• വയസ്സ് - പ്രായം കൂടും തോറും ഹൃദ്‌രോഗസാധ്യത കൂടുന്നുണ്ട്. 


• ലിംഗവ്യത്യാസം- പുരുഷന്മാരിൽ ഹൃദ്‌രോഗ സാധ്യത കൂടുതലാണ്. ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിലും കൂടുതൽ സാധ്യത. സ്ത്രീകളിൽ  ഹോർമോൺ മാറ്റമാണ് മുഖ്യകാരണങ്ങൾ.


• ജനിതകം - അൻപത് വയസിന് മുമ്പ് ഹൃദ്‌രോഗം വന്ന കുടുംബങ്ങളിലെ ഉറ്റബന്ധുക്കൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. 

2  ശ്രമിച്ചാൽ മാറ്റം വരുത്താൻ കഴിയുന്ന കാരണങ്ങൾ


• പുകവലി - പ്രത്യേകിച്ച് ചെറുപ്പക്കാരിലുള്ള ഹൃദ്‌രോഗത്തിന് പുകവലി കാരണമാണ്. പൂർണ്ണമായി നിർത്തുക എന്നത് അത്യാവശ്യമാണ്. 


• വ്യായാമമില്ലായ്മ - മനസ്സിനും ശരീരത്തിനും നൽകുന്ന വ്യായാമം വളരെ പ്രധാനപ്പെട്ടത് എന്ന് ഓർക്കുക. 


• അമിത വണ്ണം - ബോധപൂർവ്വം ശ്രമിച്ചാൽ തീർച്ചയായും കുറയ്ക്കാം. 


• ബി. പി. കൊളസ്‌ട്രോൾ - നിയന്ത്രിച്ചു നിർത്തിയില്ലങ്കിൽ ദുരന്തം വിതയ്ക്കുന്ന ആരോഗ്യപ്രശ്‌നമെന്ന്   മറക്കാതിരിക്കാം. 


ജീവിത ശൈലിയിലുള്ള മാറ്റമാണ് ഹൃദ്‌രോഗം തടഞ്ഞുനിർത്താനുള്ള ഏറ്റവും നല്ല  ശ്രമം. നാല്പത് കഴിഞ്ഞവർ നിർബന്ധമായും വർഷത്തിൽ ഒരിക്കൽ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമാവണം. ഒന്നുശ്രമിച്ചാൽ ദുരന്തം വിതയ്ക്കുന്ന ഈ രോഗം എന്നന്നേയ്ക്കുമായി നമ്മുടെ ജീവിതത്തിൽ നിന്നും നമുക്ക് മാറ്റി നിർത്താം.

Call Now
04812722100

WhatsApp
(Chat Now)

Home Care
9207846999